Sunday, August 12, 2012

മുകുന്ദന്റെ 'പ്രവാസം'- ഒരു ആസ്വാദനക്കുറിപ്പ്‌


എം മുകുന്ദന്‍ എഴുതി, 2008-ല്‍ ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ച കൃതിയാണ്‌ പ്രവാസം. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെയും ദൈവത്തിന്റെ വികൃതികളിലൂടെയും തലമുറകളുടെ കഥ പറഞ്ഞ മയ്യഴിയുടെ കഥാകാരന്‍ പ്രവാസത്തിലൂടെ പറയുന്നതും വേറൊന്നല്ല; പക്ഷേ, കാലഗണനയില്‍ നൂറ്റാണ്ടിലധികം നീളുന്ന നോവല്‍ വ്യത്യസ്ത സാംസ്കാരിക സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന വിഭിന്നമായ കഥാപാത്രങ്ങളെ ഒരേ കഥാതന്തുവില്‍, കാലക്രമത്തില്‍, മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. മയ്യഴിക്കാര്‍ മുതല്‍ മധ്യതിരുവിതാംകൂറുകാര്‍ വരെ നീളുന്ന പാത്രനിരയിലൂടെ, ബര്‍മ്മയില്‍ തുടങ്ങി ഗള്‍ഫ്‌ നാടുകളിലൂടെ അമേരിക്ക വരെ എത്തുന്ന കഥാപശ്ചാത്തലത്തിലൂടെ വളര്‍ന്നു വികസിക്കുന്ന ബൃഹത്തായ ഈ കൃതി മലയാളിയുടെ പ്രവാസ ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണ്‌. മുന്‍പറഞ്ഞ നോവലുകളില്‍ നിന്ന് പ്രവാസത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നതും അതാണ്‌ - മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലും നാം കാണുന്നത്‌ മയ്യഴിയും അതിന്റെ പുത്രന്മാരും പൗരസ്ത്യ-പാശ്ചാത്യ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന അതിന്റെ സംസ്കൃതിയുമാണ്‌.

കഥാവതരണത്തിലും കൃതി വ്യത്യസ്തത പുലര്‍ത്തുന്നു. ശങ്കരന്‍കുട്ടി എന്ന സാഹിത്യകാരന്‍(എസ്‌ കെ പൊറ്റെക്കാട്ട്‌) first person ല്‍ പറഞ്ഞു തുടങ്ങുന്ന കഥ എന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തലമുറകള്‍ മറിയുമ്പോള്‍ കഥാവശേഷനാകുന്ന ശങ്കരന്‍കുട്ടി നിര്‍ത്തിയിടത്തുനിന്ന് യുവസാഹിത്യകാരന്‍ എം മുകുന്ദന്‍ കഥ തുടര്‍ന്നു പറയുന്നു. ജീവിതം തന്നെ ഒരു പ്രവാസമാണ്‌. പ്രവാസം അവസാനിപ്പിച്ച്‌ നാം എങ്ങോട്ടാണ്‌ പോകുക? എവിടെയാണ്‌ നമ്മുടെ വീട്‌? എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ട്‌ വൃദ്ധനായ മുകുന്ദനും കഥയില്‍ നിന്ന് പിന്നീടു പിന്‍വലിയുന്നു.

ഗള്‍ഫ്‌ നാടുകളിലേക്കും പാശ്ചാത്യരാജ്യങ്ങളിലേക്കുമുള്ള മലയാളികളുടെ കുടിയേറ്റം സ്വന്തം നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ടാണെങ്കിലും പ്രവാസത്തിലെ ആദ്യ പ്രവാസി- കൊറ്റ്യത്ത്‌ കുമാരന്‍- 1930കളില്‍ ബര്‍മ്മയില്‍ പോകുന്നത്‌ അതൊന്നും കൊണ്ടല്ല.. ദേശാടനം ചെയ്യാനും ലോകം കാണാനുമുള്ള മലയാളിയുടെ സ്വതസിദ്ധമായ അടങ്ങാത്ത ആഗ്രഹമാണ്‌ ഏക്കറുകണക്കിനു സ്വത്തും കുടുംബവും ഉപേക്ഷിച്ച്‌ യാത്ര ചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുന്നത്‌. വര്‍ഷങ്ങളുടെ പ്രവാസത്തിനു ശേഷം, എല്ലാവരാലും വെറുക്കപ്പെട്ട്‌, വെറും കൈയ്യോടെ തിരിച്ചെത്തുന്ന കുമാരനില്‍ അവസാനിക്കുന്നില്ല ആ ചരിത്രം. കുമാരന്റെ മകന്‍ ഗിരി, ഗിരിയിടെ അമേരിക്കന്‍ പ്രവാസിയായ മകന്‍ അശോകന്‍, ഒടുവില്‍ പുതിയ നൂറ്റാണ്ടിലേക്ക്‌ പിച്ച വയ്ക്കുന്ന ഒരു പുതിയ തലമുറ. ഇവര്‍ക്കു പുറമേ ഗള്‍ഫ്‌ പ്രവാസികളായ ആയിരങ്ങളും. പ്രവാസം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കാല്‍പ്പനികതയിലേക്ക്‌ വഴുതിപ്പോകാതെ, പച്ചയായ ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണമാണ്‌ ഈ കൃതിയുടെ ബലം. അംബരചുംബികളായ കെട്ടിടങ്ങളും, ത്രസിപ്പിക്കുന്ന റോഡുകളും, സ്ഫടികനിര്‍മ്മിതമായ ഷോപ്പിംഗ്‌ മാളുകളും ആണ്‌ ഗള്‍ഫ്‌ എന്നു കരുതുന്നവര്‍ക്ക്‌ (പ്രത്യേകിച്ച്‌ ഗള്‍ഫ്‌ പ്രവാസികളുടെ വീട്ടുകാര്‍) ഒരു തിരിച്ചറിവിനുള്ള വക കൂടിയാണ്‌ ഈ പുസ്തകം. ശരീരത്തിലെ അവസാനതുള്ളി ജലവും വലിച്ചെടുത്ത്‌ ജീവഛവമാക്കുന്ന നരകച്ചൂടില്‍ വെന്തെരിയുന്ന തൊഴിലാളികള്‍, തീച്ചൂടു വമിക്കുന്ന ആസ്ബസ്റ്റോസ്‌ മേല്‍ക്കൂരകള്‍ക്കു താഴെ സ്വപ്നങ്ങള്‍ പോലും കാണാന്‍ കെല്‍പ്പില്ലാതെ പുളയുന്നവര്‍, പൊന്നും പണവും സ്വപ്നം കണ്ടു കടല്‍ കടന്നവര്‍ ഇപ്പോള്‍ കാണുന്ന സ്വപ്നം അതികാലത്തെഴുന്നേറ്റ്‌ കക്കൂസിനു മുന്‍പിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ വിസര്‍ജ്ജിക്കാന്‍ പറ്റുന്ന ഒരു കക്കൂസ്‌ മാത്രം.

എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഈ പുസ്തകത്തിന്റെ editing ആണ്‌. കഥ തലമുറകളില്‍ നിന്നു തലമുറകളിലേക്കു നീങ്ങുമ്പോള്‍ പഴയ കഥാപാത്രങ്ങളുടെ പുതിയ അവസ്ഥ ഇടയ്ക്കു ചില അദ്ധ്യായങ്ങളില്‍ ചേര്‍ത്തിരിക്കുന്നു.. കഥാഗതിക്ക്‌ ഭംഗം വരുത്താതെ തന്നെ. വായനക്കാര്‍ക്ക്‌ പഴമക്കാരെക്കുറിച്ച്‌ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ.

കുറച്ചു നാളുകള്‍ക്കു മുന്‍പു വാങ്ങിച്ചതാണെങ്കിലും ഏതാനും പേജുകള്‍ വായിച്ച ശേഷം അടച്ചു വച്ച പുസ്തകം ഇപ്പോള്‍ തുടര്‍ന്നു വായിക്കാന്‍ പ്രേരണയായത്‌ facebook ലെ ഒരു സുഹൃത്തിന്റെ സുഹൃത്തു നല്‍കിയ കൊള്ളാമെന്ന ഒരു കമന്റാണ്‌. തുടക്കത്തില്‍, കുമാരന്റെ നീണ്ടുപോകുന്ന ചരിത്രം, പുസ്തകത്തെക്കുറിച്ച്‌ 'boring' എന്ന തെറ്റായ മുന്‍വിധി സൃഷ്‌ട്ടിക്കാന്‍ സാധ്യതയുണ്ട്‌. പുസ്തകത്തിന്റെ ഒരു ചെറിയ ന്യൂനതയായി ചൂണ്ടിക്കാട്ടാവുന്നതും അതു തന്നെയാണ്‌.

പാലും തേനുമൊഴുകുന്ന വാഗ്ദത്ത നാടുകള്‍ തേടിയുള്ള മലയാളിയുടെ പ്രയാണത്തിന്റെ ചരിത്രം- തലമുറകള്‍ നീളുന്ന അലച്ചിലിന്റേയും സഹനത്തിന്റേയും പ്രവാസത്തിന്റേയും വിരഹത്തിന്റേയും ചരിത്രം- ഈ പുസ്തകം നല്‍കുന്ന വായനാനുഭവം അതാണ്‌.. ഇനിയുമെത്രയോ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഏടുകള്‍ ബാക്കി നിര്‍ത്തിയ, പുറപ്പാടിന്റെ* ഒരു പുസ്തകം.

---------------------------------------------------------------------------------------------------------

* കുറിപ്പ്‌: സഹനത്തിന്റേയും കഷ്‌ടപ്പാടിന്റേയും ഈജിപ്റ്റില്‍ നിന്ന് പാലും തേനുമൊഴുകുന്ന കാനാന്‍ദേശമെന്ന വാഗ്ദത്തഭൂമിയിലേക്ക്‌ ഇസ്രയേല്‍ ജനത നടത്തുന്ന, തലമുറകള്‍ നീണ്ടുനില്‍ക്കുന്ന പ്രയാണത്തിന്റെ ചരിത്രം പറയുന്ന, ബൈബിളിലെ ഒരു പുസ്തകമാണ്‌ പുറപ്പാടിന്റെ പുസ്തകം.

Monday, June 11, 2012

ഛെ.. ഛെ.. എന്തോന്നു പ്രേതം

(പശ്ചാത്തലം- രണ്ടു കൊല്ലമായി ഒറ്റയ്ക്ക്‌ തിര്യൊന്തരത്തു താമസം, സ്വന്തം ഇരുനില വീട്‌, ഗ്രാമ അന്തരീക്ഷം.)
(ലൊക്കേഷന്‍, സമയം: വീട്‌, ഇന്ന് രാത്രി 8 മണി)

തങ്കച്ചന്‍ (സര്‍വന്റ്‌): "സാറു രാത്രിയില്‌ ഇവിടെ എന്തെങ്കിലും അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടോ?"

"??!!! ഹേയ്‌ :-((( ഇല്ല; എന്താ തങ്കച്ചാ? :-(( "

"ഏയ്‌.. ഒന്നൂല"
.
.
.
:-(
:-(
.

9 മണി. തങ്കച്ചന്‍ പോകാനിറങ്ങുന്നു.
"അതേയ്‌ സാറെ, ഞാന്‍ നേരത്തേ ചോദിച്ചതേയ്‌, രണ്ടു ദിവസം മുന്‍പ്‌ സാറില്ലാതിരുന്നപ്പോ മുകളിലത്തെ നിലയില്‍ വാതിലോ മറ്റോ പെട്ടെന്നു അടയുന്ന ശബ്ദം കേട്ടു ഞാന്‍ പേടിച്ചു പോയി. ഈ ആള്‍ത്താമസം കുറവായ വീടുകളിലും മറ്റും ഇങ്ങനെ ചില ശല്യങ്ങള്‍ ഉണ്ടാവാറുണ്ട്‌".

???? :-( :-(((

ഏയ്‌ ഇല്ല തങ്കച്ചാ, ഈ വീടു മുഴുവന്‍ അച്ചന്‍ വെഞ്ചിരിച്ചതാ" (സകല പൈശാചിക ശക്തികളില്‍ നിന്നും ഈ ഭവനത്തെ കാത്തു കൊള്ളണമേ എന്നോ മറ്റോ അച്ചന്‍ പ്രാര്‍തനയ്ക്കിടക്കു പറഞ്ഞതായി നല്ല ഓര്‍മ)
തങ്കച്ചന്‍ പോയി.

(ഹും.. ഈ എന്‍ജിനീയര്‍മാരും ശാസ്ത്രന്‍ജര്‍മാരും ഒക്കെ പ്രേതത്തെ പേടിക്കുകയൊ.. ഛെ ഛെ.. അതൊക്കെ അസംബന്ധം. :-) :-)

അല്ലാ.. ഇനി അങ്ങിനെ എന്തെകിലും ഒക്കെ കാണുമോ :-( :-(

ഞാന്‍ എന്‍ജിനീയറാന്നു പ്രേതത്തിനു അറിയാന്‍ പാടില്ലെങ്കില്‍..
:-(